National
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലേക്ക് ഉദ്ധവ് പക്ഷ ശിവസേന എംപിമാർ കൂറുമാറുമെന്ന് അഭ്യൂഹം. എന്നാൽ ഇരു ശിവസേനാ വിഭാഗങ്ങളും വാർത്ത നിഷേധിച്ചു.
ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി)യിൽനിന്ന് നേതാക്കളെ അടർത്താൻ ഷിൻഡെ പക്ഷം രഹസ്യമായി (ഓപ്പറേഷൻ ടൈഗർ) പ്രവർത്തനം നടത്തിയെന്നാണ് റിപ്പോർട്ടുകളുണ്ടായത്. ശിവസേന (യുബിടി) എംപിമാർ ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയെന്നും വാർത്ത വന്നിരുന്നു.
എന്നാൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഷിൻഡെ പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം വിവാദം സൃഷ്ടിക്കുകയെന്നതാണെന്ന് ഷിൻഡെ പ്രസ്താവനയിൽ പറഞ്ഞു.
National
നാന്ദെഡ്: മഹാരാഷ്ട്രയിലെ നാന്ദെഡ് നഗരത്തിൽ ശിവസേന പ്രവർത്തകനെ കുത്തിക്കൊന്നു. സോനു കല്യാൺകർ (35) ആണ് ഇന്നലെ വെളുപ്പിനു കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിടെ സോനുവിനെ മൂന്ന് അക്രമികൾ കുത്തിക്കൊല്ലുകയായിരുന്നു. നാന്ദെഡിൽ മൂന്നു ദിവസത്തിനിടെയുണ്ടാകുന്ന അഞ്ചാമത്തെ കൊലപാതകമാണിത്. സോനുവിന് 17 കുത്തേറ്റു. കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തു. ഈയിടെയാണ് സോനു ബിജെപി വിട്ട് ശിവസേന (ഉദ്ധവ്)യിൽ ചേർന്നത്.
Kerala
തിരുവനന്തപുരം: സിപിഎം-ബിജെപി ഡീൽ വർഷങ്ങളായി കേരളത്തിൽ നിലവിലുള്ളതാണെന്നും നയതന്ത്ര സ്വർണക്കടത്ത്, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, തൃശൂർ പൂരം കലക്കൽ, ശബരിമല സ്വർണക്കൊള്ള തുടങ്ങിയ കേസുകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകുമെന്നും ശിവസേന (ഉദ്ധവ് താക്കറേ വിഭാഗം).
ഇത്തരം കേസുകളിലെല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനു വന്നതിനു ശേഷം കേസുകൾ മുന്നോട്ടു പോയിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജി, വൈസ് പ്രസിഡന്റ് അജയൻ കെ. ചപ്പാത്ത്, ജില്ലാ പ്രസിഡന്റ് മംഗലപുരം വിനുകുമാർ തുടങ്ങിയവർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് പിന്തുണ നൽകുമെന്ന് അവർ പറഞ്ഞു.
National
മുംബൈ: എൻസിപിയിലെ ഇരുവിഭാഗങ്ങൾ ലയിക്കുമെന്നും അജിത് പവാർ മഹാവികാസ് അഗാഡിയിൽ മടങ്ങിയെത്തുമെന്നും ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റൗത്.
അജിത് പവാറിന്റെ പാർട്ടി ശരദ് പവാറിന്റെ പാർട്ടിയിൽ ലയിച്ച് ക്ലോക്ക് ചിഹ്നത്തിൽ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിലും മത്സരിക്കും.
പൂന, പിംപ്രി -ചിഞ്ച്വാഡ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇരു എൻസിപി വിഭാഗങ്ങളും സഖ്യത്തിലാണു മത്സരിച്ചത്. ജില്ലാ പരിഷത് തെരഞ്ഞെടുപ്പിൽ പൂനയിൽ ഇരു പാർട്ടികളും സഖ്യം തുടരും.
2024ലാണ് അജിത് പവാർ എൻസിപി പിളർത്തി ഏക്നാഥ് ഷിൻഡെ മന്ത്രിസഭയിൽ ചേർന്നത്. പാർട്ടി ചിഹ്നമായ ക്ലോക്ക് അജിത് പവാർ വിഭാഗത്തിനു ലഭിച്ചു.
National
മുംബൈ: മുംബൈ മേയർസ്ഥാനം ലക്ഷ്യമിട്ട് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ബാൽ താക്കറെയുടെ ജന്മശതാബ്ദി വർഷത്തിൽ ഒരു ശിവസേനാ മേയർ മുംബൈക്കുണ്ടാകണമെന്ന് ഒരു വിഭാഗം ശിവസൈനികർ ആഗ്രഹിക്കുന്നുവെന്ന ഷിൻഡെയുടെ പ്രസ്താവനയാണ് അഭ്യൂഹമുയർത്തുന്നത്.
അതേസമയം, മുംബൈ മേയർ മഹായുതിയിൽനിന്നാകുമെന്ന് ഷിൻഡെ വ്യക്തമാക്കുന്നു. രണ്ടര വർഷം മേയർസ്ഥാനം ശിവസേനയ്ക്കു ലഭിക്കണമെന്നാണ് ഷിൻഡെയുടെ താത്പര്യം. ശിവസേന ഷിൻഡെപക്ഷത്തെ 29 കൗൺസിലർമാരെയും മുംബൈയിലെ ഹോട്ടലിലേക്കു മാറ്റിയിരുന്നു.
ബജെപിയെ ഭയന്നാണ് ഷിൻഡെ കൗൺസിലർമാരെ ഹോട്ടലിലേക്കു മാറ്റിയതെന്ന് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. 227 അംഗ കൗൺസിലിൽ ബിജെപി-ശിവസേന സഖ്യത്തിന് 118 പേരുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷത്തിന് 106 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 114 വോട്ടാണ്.
National
മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കുമെന്നു ശിവസേനയും (ഉദ്ധവ്) എംഎൻഎസും പ്രഖ്യാപിച്ചു. ഉദ്ധവ് താക്കറെയും രാജ് താക്കറെയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണു പ്രഖ്യാപനമുണ്ടായത്.
മുംബൈ മേയർ മറാഠി ആയിരിക്കുമെന്നും അതു തങ്ങളുടെ സഖ്യത്തിൽനിന്നായിരിക്കുമെന്നും രാജ് താക്കറെ പറഞ്ഞു. മുംബൈയിൽ സീറ്റ് വിഭജനം പൂർത്തിയായെന്നും മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സഖ്യം സംബന്ധിച്ച് ചർച്ച നടന്നുവരികയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 227 അംഗ മുംബൈ കോർപറേഷനിലേക്ക് ജനുവരി 15നാണു തെരഞ്ഞെടുപ്പ് നടക്കുക.
National
മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഏക്നാഥ് ഷിൻഡെ നേതൃത്വം നല്കുന്ന ശിവസേനയും ബിജെപിയും സഖ്യത്തിൽ മത്സരിക്കും. മുംബൈ കോർപറേഷൻ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിലാണ് ഇരു പാർട്ടികളും സഖ്യത്തിനു സമ്മതിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ചർച്ചയിലാണ് തീരുമാനമായത്. തിങ്കളാഴ്ച പുലർച്ചെ വരെ നീണ്ട ചർച്ചയിൽ ബിജെപി നേതാക്കളായ ചന്ദ്രശേഖർ ബവൻകുലെയും രവീന്ദ്ര ചവാനും പങ്കെടുത്തു.
ഇരു പാർട്ടികളിലെയും നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിലെടുക്കില്ലെന്നു നേതാക്കൾ തീരുമാനിച്ചു.
സീറ്റ് വിഭജനം സംബന്ധിച്ച് രണ്ടോ മൂന്നോ ദിവസത്തിനകം തീരുമാനമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മഹായുതി സഖ്യകക്ഷികൾ പരസ്പരം മത്സരിച്ചിരുന്നു.
National
മുംബൈ: ശിവസേനയുടെ എംപിമാർ പാർലമെന്റിൽ വന്ദേമാതരം ഉറക്കെ ആലപിക്കുമെന്നും തടയാൻ ബിജെപിയെ വെല്ലുവിളിക്കുകയാണെന്നും പാർട്ടി തലവൻ ഉദ്ധവ് താക്കറെ.
വന്ദേമാതരവും ജയ്ഹിന്ദും പോലെയുള്ള മുദ്രാവാക്യങ്ങൾ സഭയ്ക്ക് അകത്തും പുറത്തും മുഴക്കുന്നത് പാർലമെന്ററി മര്യാദകൾക്ക് എതിരാണെന്ന് ഈ മാസം 24ന് രാജ്യസഭാ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഓർമിപ്പിച്ചിരുന്നു.
രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേമാതരം പാടണമെന്ന് മുൻപ് ബിജെപി എല്ലാവരോടും ആവശ്യപ്പെട്ടിരുന്നതും താക്കറെ വാർത്താസമ്മേളനത്തിൽ ഓർമിപ്പിച്ചു.
മെക്കാളെയുടെ മക്കളാണോ ബിജെപിയിലുള്ളതെന്നും ഇപ്പോഴത്തെ നിർദേശം നൽകിയ വ്യക്തിയെ ബിജെപി പാക്കിസ്ഥാനിലേക്ക് അയയ്ക്കുമോയെന്നും താക്കറെ ചോദിച്ചു.